അഴീക്കോട് ഇത്തവണ തീ പാറും പോരാട്ടം

Nikeshkumar-and-KM-Shaji-Full-Image

കണ്ണൂര്‍: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഏറ്റവും സുപ്രധാന മണ്ഡലമായി അഴീക്കോട് മാറുന്നു. വിരുന്നുകാരനായി എത്തി മണ്ഡലത്തില്‍ സ്ഥാനം ഉറപ്പിച്ച മുസ്ലിംലീഗിലെ കെ എം ഷാജി. 30 വര്‍ഷത്തിലേറെ നീണ്ട രാഷ്ട്രീയ വൈരം മറന്ന് എം വി രാഘവന്റെ മകന്‍ എം വി നികേഷ് കുമാറിനെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതോടെയാണ് അഴീക്കോട് താരപരിവേഷമുള്ള മത്സരമായി മാറുന്നത്.
പാര്‍ട്ടിയിലും അണികളിലും ഷാജിയുടെ സ്വീകാര്യതയാണ് യു ഡി എഫിന് നല്‍കുന്ന ആത്മവിശ്വാസം. ഒപ്പം എം വി രാഘവന്റെ മകന്‍ എല്‍ ഡി എഫ് പിന്തുണയോടെ മത്സരിക്കുന്ന രാഷ്ട്രീയ വൈരുദ്ധ്യം ഉയര്‍ത്തിക്കൊണ്ടുവരാമെന്ന് യു ഡി എഫ് കണക്ക് കൂട്ടുന്നു. എന്നാല്‍ രാഘവന്റെ രാഷ്ട്രീയത്തിനപ്പുറത്ത് നികേഷിനോടുള്ള വ്യക്തിപരമായ പ്രതിഛായയാണ് എല്‍ ഡി എഫിന്റെ ആത്മബലം. ഇതിന് പുറമെ കോണ്‍ഗ്രസിലെ വിമത നീക്കങ്ങളും എല്‍ ഡി എഫിന് പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ തവണ 493 വോട്ടിന് നഷ്ടപ്പെട്ട മണ്ഡലം നികേഷ് എന്ന പൊതുസമ്മതനെ നിര്‍ത്തുന്നതിലൂടെ തിരിച്ചുപിടിക്കാനാവുമെന്നാണ് എല്‍ ഡി എഫ് കണക്ക് കൂട്ടുന്നത്. മലയാള ടെലിവിഷന്‍ വാര്‍ത്ത അവതാരകരില്‍ തുടക്കക്കാരനില്‍ പ്രമുഖനാണ് നികേഷ് കുമാര്‍. ഏഷ്യാനെറ്റില്‍ ആരംഭകാലം മുതല്‍ വാര്‍ത്താ അവതരണ രംഗത്തും റിപ്പോര്‍ട്ടിംഗിലും സജീവമായിരുന്ന നികേഷിന്റെ അവതരണ ശൈലി സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ളതാണ്.
ഏഷ്യാനെറ്റിന്റെ ഡല്‍ഹി ബ്യൂറോയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച് ശ്രദ്ധേയമായ നിരവധി റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തയാറാക്കിയിട്ടുണ്ട്്. ഇന്ത്യാ വിഷന്‍ വാര്‍ത്തകളിലെ ചുമതലക്കാരനായി രംഗത്ത് എത്തിയപ്പോഴും മന്ത്രിസ്ഥാനത്ത് നിന്ന് കുഞ്ഞാലിക്കുട്ടിയെ രാജിവെപ്പിച്ച ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ സാക്ഷി മൊഴി ഉള്‍പ്പെടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പേര് കൂടാതെ അവതരിപ്പിച്ച മാധ്യമ പ്രവര്‍ത്തകനാണ് നികേഷ് കുമാര്‍. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിലെ യുവതുര്‍ക്കിയാണ് കെ എം ഷാജി. നിയമസഭക്കകത്തും പുറത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ മികവ് തെളിയിച്ചിട്ടുള്ള ഷാജി മികച്ച പ്രഭാഷകനുമാണ്. മുസ്ലിം യൂത്ത് ലീഗിന്റെ അമരക്കാരനായി നിയമസഭയിലെത്തിയ ഷാജിയുടെ നിലപാടുകള്‍ എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഇരുവരുടെയും സവിശേഷതകളാണ് അഴീക്കോട് മണ്ഡലത്തെ സജീവമാക്കുന്നത്.

Facebook Auto Publish Powered By : XYZScripts.com